മലേഷ്യൻ ഡയറി (ഭാഗം 1)
വിദേശയാത്ര ഒരു സ്വപനമായി അവശേഷിക്കുകയായിരുന്നു. ഒട്ടേറെ കാരണങ്ങൾ മൂലം ഈ വർഷം ഒരു യാത്ര ചെയ്യുകയെന്നത് ഞങ്ങളുടെ വിദൂരചിന്തകളിൽപോലും ഉണ്ടായിരുന്നില്ല. ദീപാവലി, കർണാടക രാജ്യോൽസവ തുടങ്ങിയ അവധിദിവസങ്ങളും വാരാന്ത്യവും ചേർന്ന് നാല് അവധിദിനങ്ങൾ വരുന്നു എന്നറിഞ്ഞപ്പോഴാണ് വിദേശയാത്രയെക്കുറിച്ചുള്ള സ്വപ്നങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങിയത്. രണ്ട് ദിവസം (ഒക്ടോബർ 30, നവംബർ 4) ലീവ് എടുത്താൽ കിട്ടുന്ന ആറ് ദിവസം കൊണ്ട് അടുത്തുള്ള ഏതെങ്കിലും ഒരു രാജ്യത്ത് പോയിവരാൻ സാധിക്കുമോ എന്ന് അന്വേഷണം ആരംഭിച്ചു. തായ്ലന്റ്, മലേഷ്യ, യു എ ഇ (ദുബായ്), ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെല്ലാം മനസ്സിലേക്ക് ഓടിയെത്തി. ഇന്ത്യാക്കാർക്ക് വിസയില്ലാതെ പ്രവേശനം, താരതമ്യേന കുറഞ്ഞ യാത്രാനിരക്കുക്കൾ, കുറഞ്ഞ യാത്രാസമയം എന്നീ കാരണങ്ങൾകൊണ്ട് മലേഷ്യ സന്ദർശിക്കാം എന്ന് തീരുമാനിച്ചു. ആദ്യ വിദേശയാത്രയായതുകൊണ്ട് ഒരു ടൂർ പാക്കേജ് എടുക്കാതെ തനിയെ എല്ലാം ചെയ്യണം എന്നൊരു ചെറിയ വാശികൂടിയുണ്ടായിരുന്നു. എന്റെ അടുത്ത സുഹൃത്ത് അശ്വിൻ തന്റെ കുടുംബത്തോടൊപ്പം രണ്ട് മാസങ്ങൾക്ക് മുൻപ് മലേഷ്യയിൽ പോയിരുന്നു. ഗൂഗിളിൽ എഞ്ചിനീയർമാരായ അദ്ദേഹവും സഹധർമ്മിണിയും നിത്യസഞ്ചാരികളാണ്. ഞാനിത് എഴുതുമ്പോൾ അവർ ഫ്രാൻസ് യാത്രക്കുള്ള തയ്യാറെടുപ്പിലാണ്. ഒന്നിലധികം പ്രാവശ്യം മലേഷ്യ സന്ദർശിച്ചിട്ടുള്ള അവരോട് യാത്രയെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാമല്ലോ എന്നതും ഈ രാജ്യം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു.
ഒക്ടോബറിൽ ഒരു യാത്രയ്ക്ക് പദ്ധതിയിടുന്നു എന്നകാര്യം എന്റെ ഭാര്യ തന്റെ സഹോദരിയോടും കുടുംബത്തോടും പങ്കുവച്ചപ്പോൾ അവർക്കും താല്പര്യമായി. അപ്പയോട് വരുന്നോ എന്ന് ചോദിച്ചപ്പോൾ “പാസ്സ്പോർട്ട് ഇല്ലാതെ പോകാൻ പറ്റുമോ?” എന്നൊരു രസികൻ മറുചോദ്യം. തത്കാൽ മാർഗത്തിൽ പാസ്സ്പോർട്ട് എടുക്കാം എന്നായി ഞങ്ങൾ. എന്തായാലും ഞങ്ങളുടെ ഇളയമകൾ ആലിസിന് പാസ്സ്പോർട്ട് എടുക്കണം, കൂടെ ഒരെണ്ണംകൂടി അപേക്ഷിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ പെട്ടെന്ന് ഞങ്ങളുടെ യാത്രാസംഘം നാലുപേരിൽ നിന്നും ഒൻപതിലേക്ക് ഉയർന്നു. ലക്ഷ്യസ്ഥാനവും യാത്രികരും യാത്രാതീയതിയുമൊക്കെ തീരുമാനമായതോടെ എത്രയും പെട്ടെന്ന് വിമാനടിക്കറ്റുകളും താമസസ്ഥലവും ബുക്ക് ചെയ്യുക എന്നതായിരുന്നു അടുത്ത ദൗത്യം. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ നോക്കി ബെംഗളൂരുവിൽ നിന്നും ചെന്നൈ വഴി ക്വലാലംപൂർ എത്തുന്ന ഇൻഡിഗോ വിമാനം ബുക്ക് ചെയ്തു. തിരിച്ചും അതേ വിമാനം തന്നെ. ഇനിയൊരു താമസസ്ഥലം തരപ്പെടുത്തണം. ഒൻപതുപേരുള്ളതുകൊണ്ട് എയർബിഎൻബി മുഖേന ഒരു അപാർട്ട്മെന്റ് ബുക്ക് ചെയ്യുന്നതായിരിക്കും ലാഭകരമെന്ന് അശ്വിൻ പറഞ്ഞതനുസരിച്ച് ആദ്യമൊരു അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തു. പിന്നീടാണ് എനിക്ക് പറ്റിയ അമളി മനസ്സിലായത്. താമസസ്ഥലം ക്വലലംപൂർ സിറ്റിയിൽ നിന്നും ഏകദേശം ഏഴ് കിലോമീറ്റർ ദൂരെയാണ്. സന്ദർശിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് ടാക്സി എടുക്കേണ്ടി വരുമെന്നതിനാൽ അതിനു മാത്രം നല്ലൊരു തുക ചിലവാകും. എങ്കിൽപിന്നെ KLCC-യിൽ തന്നെ താമസിച്ചാലോ എന്നായി ആലോചന. അതായിരിക്കും നല്ലതെന്ന് അശ്വിനും പറഞ്ഞു. ഞങ്ങളുടെ ഭാഗ്യത്തിനു ഒക്ടോബർ 29 വരെ ക്യാൻസലേഷൻ ചാർജുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആദ്യത്തെ ബുക്കിങ്ങ് ക്യാൻസൽ ചെയ്തു നല്ലൊരു താമസസ്ഥലം പെട്രൊണാസ് ടവറുകളുടെ അടുത്തുതന്നെ സംഘടിപ്പിച്ചു.
മറ്റ് തയ്യാറെടുപ്പുകൾ ഞാൻ ചുരുക്കി വിവരിക്കാം. മകൾക്കും അപ്പയ്ക്കും പാസ്പോർട്ടിന് താത്ക്കാലായി അപേക്ഷിച്ചിരുന്നു. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു പാസ്‌പോർട്ടുകളും ഒരാഴ്ചക്കുള്ളിൽ ലഭിച്ചു. അവിടെയെത്തുമ്പോൾ ടാക്സി ബുക്ക് ചെയ്യാനും മറ്റും ഇൻ്റർനെറ്റ് അത്യാവശ്യമായത്തിനാൽ യാത്ര തുടങ്ങുന്നതിനു മുൻപ് ഒരു മലേഷ്യൻ സിംകാർഡ് Gigago എന്ന വെബ്സൈറ്റ് വഴി വാങ്ങിച്ചു. പോകേണ്ട രാജ്യം നോക്കി സിം കാർഡ് ഓർഡർ ചെയ്താൽ eSIM ഇമെയിലിൽ ലഭിക്കും എന്നതാണ് ഇവരുടെ പ്രത്യേകത. എയർപോർട്ടിൽ ചെന്നിട്ട് നമ്മുടെ ഫോണിൽ ആക്ടിവേറ്റ് ചെയ്താൽ മതി. കോലാലംപൂർ എയർപോർട്ടിൽ സിം കാർഡുകൾ ലഭിക്കുമെങ്കിലും ഉറപ്പിനുവേണ്ടി ഒരെണ്ണംകൂടി എടുത്തതാണ്. ഇനി യാത്രാരേഖകളുടെ കാര്യമാണ് ശരിയാക്കാനുള്ളത്. മലേഷ്യയിൽ ഇന്ത്യക്കാർക്ക് ഡിസംബർ വരെ വിസയില്ലാതെ പ്രവേശിക്കാം എന്നു ഞാൻ നേരത്തെ എഴുതിയല്ലോ. വിസ വേണ്ടെങ്കിലും, യാത്രക്കാരുടെയും താമസസ്ഥലത്തിൻ്റെയും മടക്കയാത്രയുടെയും മറ്റു വിവരങ്ങളെല്ലാം ചേർത്ത് ഒരു ഫോറം ഓൺലൈൻ പോർട്ടലിൽ സമർപ്പിക്കേണ്ടിയിരുന്നു. അതിൻ്റെ ഒരു പ്രിൻ്റും എടുത്ത് സൂക്ഷിച്ചു. യാത്രാവശ്യങ്ങൾക്കായി ഏതാണ്ട് ഇരുപതിനായിരം രൂപയ്ക്ക് തുല്യമായ മലേഷ്യൻ കറൻസി (റിങ്കറ്റ്) രഞ്ജിത്തേട്ടൻ വാങ്ങിച്ചു. ഇന്ത്യൻ രൂപയേക്കാൾ മൂല്യമുള്ള കറൻസിയാണ് മലേഷ്യൻ റിങ്കറ്റ് എന്ന സത്യം അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. ഒരു റിങ്കറ്റ് ലഭിക്കുവാൻ ഏതാണ്ട് 20 രൂപ കൊടുക്കണമത്രേ!
ടൂർ പാക്കേജ് ഇല്ലാതെ യാത്ര ചെയ്യുന്നതിനാൽ പോകേണ്ട സ്ഥലങ്ങളും അവിടേക്കുള്ള യാത്രാമാർഗങ്ങളുമെല്ലാം ഞങ്ങൾ തന്നെ തീരുമാനിക്കേണ്ടിയിരുന്നു. അശ്വിൻ പറഞ്ഞു തന്ന വിവരങ്ങളും ഒക്ടോബർ ലക്കം മനോരമ ട്രാവലർ മാഗസിനിൽ മലേഷ്യൻ യാത്രയെപ്പറ്റിയുണ്ടായിരുന്ന വിവരങ്ങളും ഒക്കെ ചേർത്ത് വിശദമായൊരു പദ്ധതി ഞങ്ങൾ തയ്യാറാക്കി.
ബാക്കി അടുത്ത ഭാഗത്തിൽ എഴുതാം.